കൊടകരപുരാണം റിവ്യൂ – D Dhanasumod

ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കുമ്പോൾ ഞാൻ അമ്മയായായും അമ്മ എന്റെ കുട്ടിയായും മാറി. ചായയിൽ മുക്കിയ റെസ്ക്ക് പൊക്കി എടുക്കുമ്പോൾ അടർന്നു വീഴാതിരിക്കാൻ കണ്ണ് കൊണ്ടൊരു താങ്ങ് നൽകും. കുട്ടിക്കാലത്ത് ഞാൻ പനിയായി ഒന്ന് മയങ്ങുമ്പോൾ ,കൺപോള അടക്കാതെ സാരിതലപ്പ് കൊണ്ട് വീശി എന്റെ കണ്ണിലേക്ക് നോക്കിയിരുന്ന അമ്മയെ ഓർത്തെടുത്തു. മരുന്നിന്റെ ആലസ്യത്തിൽ അമ്മ മയങ്ങുമ്പോൾ ശ്വാസം എടുക്കുന്ന ശബ്ദത്തിനായി കാതോർക്കുന്നു.

ഇന്ന് ആശുപത്രി മണമില്ലാത്ത ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കുമ്പോൾ അനിയനെ ആശുപത്രിയിലെത്തിക്കാൻ പാതിരാത്രി അമ്മയും അച്ഛനും ഓടിയ ഓട്ടം ഓർമ വരുന്നു. ഫിറ്റ്‌സ് ബാധിച്ച അനിയനേയും കൊണ്ട് അവർ സൈക്കിളിൽ പായുമ്പോൾ വഴിയിൽ ടയർ പഞ്ചറായി. അവനെ തലയിലേറ്റി അച്ഛൻ ചേർത്തല സർക്കാർ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.അച്ഛന്റെ പിന്നാലെ അമ്മയും ഓടി. വിയർത്ത് കുളിച്ചു മുസ്‌ലിം പള്ളിയുടെമുന്നിലൂടെ പോയപ്പോഴാണ് നേർച്ചപ്പെട്ടിയിൽ പൈസ ഇടാൻ തോന്നിയത്.അനിയൻ രക്ഷപെടാൻ കാരണം ഈ പടച്ചോൻ കാരണം ആണെന്ന് അമ്മ അന്നും ഇന്നും വിശ്വസിക്കുന്നു.അന്ന് മുതൽ കുടുംബക്ഷേത്രത്തിനു ഒപ്പം തന്നെയാണ് മനസ്സിൽ മുസ്ലീം പള്ളിക്കും സ്ഥാനം.

എക്സ്റേ ആശുപത്രിയിലാണ് അമ്മ അഡ്മിറ്റ് ആയിരിക്കുന്നത്. ശ്രീനാരായണ മെഡിക്കൽ മിഷൻ എന്നാണ് ആശുപത്രിയുടെ പേരെങ്കിലും ആദ്യമായി xray മെഷിൻ എത്തിയ ആശുപത്രി ആയതിനാൽ നാട്ടുകാർ നൽകിയ പേരാണ് എക്സ്റേ ആശുപത്രി. ഇതൊക്കെ ആലോചിച്ചിരുന്നപ്പോൾ അമ്മ പതുക്കെ മയക്കം വിട്ടു ഉണർന്നു . പകൽ മുഴുവൻ സമയവും ഉറക്കമായതിനാൽ ഒന്നരമുതൽ വെളുപ്പിനെ നാലര വരെ ഞങ്ങൾ പഴയതും പുതിയതും പണ്ട്‌ പറഞ്ഞതുമൊക്കെ

ആവർത്തിച്ചു. ആശുപത്രിയിൽ അമ്മയെ കാണാൻ എത്തിയ ചങ്ക് Sabeesh നൽകിയ കൊടകര പുരാണത്തിലെ ഓരോ കഥകളും ഉച്ചത്തിൽ വായിച്ചു കൊടുത്തു. ക്ഷീണം മാറാത്ത അമ്മയുടെ മുഖത്ത് ചിരിയുടെ തിരയിളക്കം. അല്ലേലും തൃശൂര്കാര് എഴുതാൻ മിടുക്കന്മാർ ആണെന്ന് പറഞ്ഞു പുതിയ കഥകളിലേക്ക് എന്നെ തള്ളിയിട്ടു. എഴുത്തുകാരനെ കുറിച്ച് ചോദിച്ചു. ബുക്കിന്റെ രണ്ടാമത്തെ പേജിലെ സജീവ് എടത്തനാടൻ എന്ന എഴുത്തുകാരനെ പറ്റി മനോഹരമായിട്ടാണ് സ്വയം വിവരിച്ചിരിക്കുന്നത്.പിൻകോഡിലെ അക്കങ്ങൾ പോലെ വായിക്കാൻ പറ്റിയിരുന്ന മാർക്കാണ് തനിക്ക് കിട്ടിയെന്നു വായിച്ചപ്പോൾ അമ്മ ക്ഷീണം മറന്നു ചിരിച്ചു.

https://www.facebook.com/dhanasumod/posts/pfbid0wWXs4vdSAqZ8e3geaCN751XTS3wBTGfHoVggZud8kWe2gvNp9EN17VqgtUbSNCh3l

നന്ദി #കൊടകരപുരാണം#SajeevEdathanadan — with R Sabeesh Manaveli.