കൊടകരപുരാണം റിവ്യൂ -Johny ML 

കൊടകരപുരാണം : ഒരു നോട്ടം


രണ്ടായിരത്തി പതിനാലിൽ ഡി സി ബുക്സിന്റെ ഇമ്പ്രിന്റ് ആയ ലിറ്റ്മസ് ആണ് ‘കൊടകരപുരാണം’ പ്രസിദ്ധീകരിക്കുന്നത്. ഈ അടുത്തിടെ കവി കുഴൂർ വിത്സൺ ‘ദി സമ്പൂർണ്ണ കൊടകരപുരാണം’ ഗ്രന്ഥകർത്താവ് തന്നെ സമാഹരിച്ചു പുറത്തിറക്കിയതായി ഒരു പോസ്റ്റിട്ടു. ആദ്യകാല മലയാളം ബ്ലോഗര്മാരിലൊരാളാണ് ഗ്രന്ഥകർത്താവും ബ്ലോഗോസ്‌ഫീയറിൽ ‘വിശാലമനസ്കൻ’ എന്ന് അറിയപ്പെടുന്ന ആളുമായ സജീവ് എടത്താടൻ Sajeev Edathadan. ഡൽഹി ജീവിതത്തിനിടയിൽ വായിക്കാൻ കഴിയാതിരുന്ന ഈ പുസ്തകം അന്വേഷിച്ചു പുറപ്പെട്ടു. സ്റ്റാച്യൂ ഡി സിയിൽ അന്വേഷിച്ചപ്പോൾ ഒരു രഹസ്യം കൈമാറുന്നപോലെ അവിടെയുള്ളവർ പരസ്പരം നോക്കി, കണ്ണുകൾ കൊണ്ട് ഒരു ഗൂഢ നിർദ്ദേശം കിട്ടിയത് പോലെ ഒരാൾ ഉള്ളിലേയ്ക്കുപോയി അലമാരകളിലൊന്നിന്റെ അടിത്തട്ടിൽ നിന്ന് പുസ്തകം എടുത്തുകൊണ്ടു വന്നു. ‘അവസാന കോപ്പിയാണ്.’ മഞ്ഞനിറം വന്ന പേജുകളിലേയ്ക്ക് ഞാൻ നോക്കി. മറ്റൊരുതരത്തിൽ എനിയ്ക്ക് സന്തോഷം തോന്നി കൊടകരപുരാണത്തിന്റെ ലിറ്റ്മസ് എഡിഷന്റെ അവസാന കോപ്പി വാങ്ങുന്നത് ഞാനാണ്. രാത്രി തന്നെ ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. സഞ്ജയനും ഈ വി കൃഷ്ണപിള്ളയും കുഞ്ചിയമ്മയും പഞ്ചുമേനവനും എഴുതിയ രാജരാജവർമ്മയും അവരുടെ കാലത്ത് ബ്ലോഗുണ്ടായിരുന്നെങ്കിൽ അതിൽ എഴുതുമായിരുന്നു. സജീവ് എടത്താടൻ അവരുടെ റേഞ്ച് ഉള്ള ഒരു നിരീക്ഷകനാണ്. വി കെ എൻ, അദ്ദേഹത്തിന്റെ നിഴൽ ആയ മാർഷൽ, ചെമ്മനം ചാക്കോ, സുകുമാർ തുടങ്ങിയ ഹാസ്യസാഹിത്യകാരന്മാരുടെ തരം ഹാസ്യമല്ല വിശാലമനസ്കൻ അഥവാ സജീവ് എടത്താടന്റെത്. കൊടകരപുരാണത്തെ ഞാൻ ഇമ്പ്രെഷനിസ്റ്റ് ഹ്യൂമർ എന്ന് വിളിക്കും. ഇത്തരത്തിൽ എഴുതുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്; പക്ഷെ ഒരു നീഷ് വായനാ സമൂഹത്തിനപ്പുറം പോകാൻ കെൽപ്പുള്ളവർ കുറവാണ്.

ബെർളിത്തരങ്ങൾ എഴുതിയ ബെർളി വിശാലമനസ്കനെപ്പോലെ പ്രസിദ്ധനാണ്. കൊടകരപുരാണം ഒരു പേഴ്സ്പെക്ടറ്റീവ് ആണ്. എം ടി യ്ക്ക് കൂടല്ലൂർ പോലെ, എം പി നാരായണപിള്ളയ്ക്ക് പുല്ലുവഴി പോലെ, വി കെ എന്ന് തിരുവില്വാമല പോലെ, മുകുന്ദന് മാഹി പോലെ. അവർ ആ ദേശങ്ങളെ സവിശേഷമായി നോക്കുകയാണ്. ചിരിപ്പിക്കുകയല്ല ഒരു പക്ഷെ എഴുത്തുകാരൻ ചെയ്യുന്നത് (വായനക്കാർ ചിരിക്കുന്നത് അവർക്ക് പരാമൃഷ്ടഗുണങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്നത് കൊണ്ടാണ്) എഴുത്തുകാരൻ തന്റെ അനുഭവങ്ങളുടെ പുരാവസ്തുശേഖരത്തിലൂടെ കടന്നു പോവുകയും കാലത്തിൽ നിന്ന് വേർപെട്ടു നിൽക്കുന്ന അവയെ ഭൂതകാലത്തിലെ ഒരു സവിശേഷ സന്ദർഭത്തിൽ സന്നിവേശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഹാസ്യോത്പാദനക്ഷമങ്ങളെന്ന് നാം കരുതുന്ന ഒന്നും ജീവത് സന്ദർഭങ്ങളിൽ ഹാസ്യമായിട്ടല്ല, പലപ്പോഴും ദുരന്തങ്ങളായാണ് സംഭവിച്ചിരുന്നതെന്ന് നാം ചിരിക്കപ്പുറം തിരിച്ചറിയുന്നു. ശുദ്ധഹാസ്യം മനോവിമലീകരണൗഷധങ്ങളാണ്. കൊടകരപുരാണം ഒരു രചനൗഷധമാണ്. സർവരും വായിച്ചെങ്കിൽ കേരളം എത്രയോ മെച്ചപ്പെട്ടേനെ.

  • ജോണി എം എൽ