വീട് കൊടകരയിൽ ജോലി ജെബലലീല്, ഡെയിലി പോയിവരും എന്ന ക്ലാസ് ടാഗ് ലൈനിലൂടെ തൻ്റെ എഴുത്തുജീവിതത്തെ കൊടകരപുരാണം എന്ന പുസ്തകവുമായി മലയാളി ഉള്ളിടത്തെല്ലാം കാമ്പുള്ള പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തിയ എഴുത്തുകാരൻ.

1972 ജനുവരി 14-ന് തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ എടത്താടന്‍ രാമൻ -മുണ്ടക്കൽ മൂകാംബിക ടീമിന്റെ മകനായി ജനിച്ചു. അവനവന്റെ നാടു വിട്ട് വേറൊരു സ്ഥലത്തും പഠിക്കാൻ താല്പര്യമില്ലാതിരുന്നതിനാൽ ബാലവാടി മുതൽ ബി.കോം. വരെ കൊടകരയിൽ തന്നെ പഠിച്ചു. മൂന്നാം വയസ്സിൽ അപ്പർ ചെസ്റ്റിലെ, മംഗോളിയയുടെ ഭൂപടത്തിന്റെ ഡിസൈനിലുള്ള മറുകു കണ്ട് ഓളിന്ത്യാ പെർമിറ്റുള്ള ഒരു ഭിക്ഷക്കാരൻ നടത്തിയ പ്രവചനം ഇരുപത്തിമൂന്നാം വയസ്സിൽ സാക്ഷാൽക്കരിച്ചു. 

1995-ൽ യു.എ.ഇ.യിലെത്തി. തൽക്ഷണം ഗൾഫുകാരനായി. 2010 വരെ ജെബെൽ അലിയിൽ Rollball എന്ന കമ്പനിയിലും, തുടർന്ന് 2020 വരെ ഫുജൈറയിലും ഇപ്പോൾ അജ്മാനിലും African + Eastern എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു.
2005 മുതൽ ബ്ലോഗിങ്ങിൽ സജീവം. മൈക്രോസോഫ്റ്റിന്റെ കീഴിലുള്ള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 2006-ലെ ഏറ്റവും നല്ല മലയാളം ബ്ലോഗർ അവാർഡ് ലഭിച്ചിട്ടുണ്ട്.
കലേഷ്കുമാർ, ഉമേച്ചി, രാജീവ് സാക്ഷി, സിദ്ധാർത്ഥൻ, ജിനേഷ്, ഷാജി.ടി.യു തുടങ്ങിയ ബ്ലോഗ് സുഹൃത്തുക്കളുടെ സഹായത്താൽ ഇതുവരെ ‘കൊടകരപുരാണം’ എന്ന പേരിൽ 3 പുസ്തകങ്ങളും ‘ദി സമ്പൂർണ കൊടകരപുരാണം’ എന്ന പേരിൽ ഒരു പുസ്തകവും ‘ദുബായ് ഡെയ്സ്’ എന്ന പേരിൽ മറ്റൊരു പുസ്തകവും ഇറങ്ങിയിട്ടുണ്ട്.