ദി സമ്പൂർണ്ണ കൊടകരപുരാണം

കൊടകരപുരാണം (കറന്റ് ബുക്സ്- 2007)
നാടിന്റെ അകവും പുറവും കണ്ട എഴുത്താണ് ‘കൊടകരപുരാണം‘. നർമ്മത്തിന്റെ താമരനൂൽകൊണ്ട് കഥകൾ കൊരുക്കാനുള്ള ഈ എഴുത്തുകാരന്റെ കരവിരുതിന് മാലയാളത്തിൽ അധികം മാതൃകകളില്ല. പുസ്തകം വായിക്കാനെടുക്കുന്ന ഒരു വായനക്കാരന്റെ മനസ്സ്സ് എങ്ങനെയായിരിക്കും എന്ന പ്രധാനപ്പെട്ട ഒരറിവ് ഉടനീളം പുലർത്തുന്നതുകൊണ്ട് ഒറ്റയിരിപ്പിൽ ഇതു മുഴുവൻ വായിക്കാം. ചാരിതാർത്ഥ്യത്തോടെ പുസ്തകം പ്രിയസുഹൃത്തിന് കൈമാറുകയും ചെയ്യാം. മലയാളത്തിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ ബ്ലോഗ് സാഹിത്യ കൃതിയാണിത്. ആഗോളീകരണകാലത്തെ സാഹിത്യത്തിന് ഒരു മാതൃക. ഈ മാതൃകക്ക് അനേകം പിൻഗാമികളുണ്ടാവാനിടയുണ്ട്.

കൊടകരപുരാണം (2010)
കൊടകരപുരാണത്തെ സാഹിത്യത്തിന്റെ ഏതു ശാഖയിലെ തളിരാക്കിമാറ്റണം എന്ന കാര്യത്തിൽ ആർക്കും പെട്ടെന്നൊരു തീരുമാനത്തിലെത്താൻ കഴിയില്ല. കാരണം, പറഞ്ഞും പ്രയോഗിഛ്കും ചെയ്തും പോന്ന ഒരു കൊമ്പിലും ഇതുവരെ പൂക്കാത്ത ഒന്നാണത്. അല്ലെങ്കിൽ എല്ലാ കൊമ്പിലും പൂക്കുന്ന ഒന്ന്. പക്ഷെ, ഇതൊരു തുടക്കമാണ്. ജീവിതത്തിൽ കഥയില്ലാഥ്റ്റവരും കവിതയില്ലാത്തവരുമായി കഴിഞ്ഞിരുന്ന, ‘എല്ലാവരും തൃശ്ശൂർക്ക് പോയി. ഞാനും തൃശ്ശൂർക്ക് പോയി‘ എന്നു പറഞ്ഞിരുന്ന അക്ഷരങ്ങൾ മണക്കുന്ന അകങ്ങളില്ലാതിരുന്ന ഭൂരിപക്ഷത്തിന്റെ കഥകളെഴുതുന്ന ഒരാൾ! പ്രസാധകനും എഡിറ്ററും ആമുഖവും അവതാരികയും പഠനവും ഒന്നുമില്ലാതെ വായനക്കാരന്റെ മുന്നിൽ എഴുത്തുകാരൻ സ്വയം തുറന്നുവച്ച പേജിൽ ബ്ലോഗിലെ സൃഷ്ടി വായിക്കപ്പെടുമ്പോൾ, അതിൽ ഒരു തരം ബാധ്യതയുടേയും നേർത്ത അകലം പോലും സൃഷ്ടിക്കുന്നില്ല. ഈ ബാധ്യതയില്ലായ്മ ഭാഷക്ക് കൂടി കൈവരുന്നതിലാണ് സജീവ് എടത്താടൻ എന്ന വിശാലമനസ്കനെ ഇത്രയും ജനപ്രിയനാക്കി മാറ്റുന്നത്.
കൊടകരപുരാണം (2014 -ഡി സി ബുക്സ്)
കൊടകരപുരാണം ഒരു ദേശത്തിന്റെ ചരിത്രമോ, കഥാകഥനമോ അല്ല. ജീവിതത്തെ ഒരു നർമക്കണാടിയിലൂടെ നോക്കിക്കാണുന്ന, ഒരു സാധാരണ തൃശ്ശൂർക്കാരന്റെ നേരമ്പോക്കുകൾ മാത്രമാണ്. തിരക്കിട്ടോടുമ്പോഴും ഗൃഹാതുരമായ ഓർമ്മകൾക്കുവേണ്ടി മലയാളി ഒരു ചെവി വട്ടം പിടിക്കുന്നുണ്ടെന്ന് ഈ കുറിപ്പുകൾക്കുണ്ടായ ജനകീയത സാക്ഷ്യപ്പെടുത്തുന്നു. തൃശ്ശൂരിന്റെ ഇഷ്ടങ്ങളിലൊന്നായ പതിക്കാലത്തിൽ കൊട്ടിക്കേറുന്ന മേളപ്പെരുക്കം പോലെ.
ദി സമ്പൂർണ്ണ കൊടകരപുരാണം (ഡിസെർട്ട് ട്രീ – 2019)
‘കൊടകര‘ ഇന്നൊരു സ്ഥലനാമം മാത്രമല്ല, ശുദ്ധമായ നർമ്മത്തിന്റെ ഉറവിടം കൂടിയാണ്. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള എല്ലാ നാടുകൾക്കും വേണമെങ്കിൽ കൊടകര എന്ന് പേരിടാം. കാരണം, ഈ പുരാണത്തിലുള്ളത് ലോകത്തുള്ള സകല മലയാളികളുടേയും അനുഭവമാണ്. സിനിമയായാലും സാഹിത്യമായാലും കാലത്തിന് അതീതമായി നിലനിൽക്കണമെങ്കിൽ അതിന് ജീവിതവുമായി ബന്ധമുണ്ടാകണം. ‘കൊടകരപുരാണം‘ പ്രസക്തമാകുന്നത് അതിൽ പച്ചയായ ജീവിതമുള്ളതുകൊണ്ടുതന്നെയാണ്. മുൻവിധികൾ ഒന്നുമില്ലാതെയാണ് ഞാനിതിലെ രചനകൾ വായിച്ചത്. അടുത്ത കാലത്തൊന്നും അക്ഷരങ്ങൽ എന്നെയിങ്ങനെ ചിരിപ്പിച്ചിട്ടില്ല. ബഷീറും വി.കെ.എന്നും ഒരുക്കിയിട്ട പാതയിലൂടെയാണ് വിശാലമനസ്കനും നടക്കുന്നത്. ആ യാത്ര കൗതുകത്തോടെ ഞാൻ നോക്കിക്കാണുന്നു (സത്യൻ അന്തിക്കാട്)