കൊടകരപുരാണം റിവ്യൂ- Ajith Valloli

ദി സമ്പൂർണ്ണ കൊടകരപുരാണം – വിശാലമനസ്കൻ (സജീവ് എടത്താടൻ)
രണ്ടായിരാം ദശബ്ദത്തിന്റെ ആദ്യ പകുതിയിൽ കംപ്യുട്ടറിലും ഇന്റർനെറ്റിലും ഒക്കെ ക്ലച് അമർത്തുമ്പോൾ ബ്രേക്ക് ചവിട്ടുന്നത് എങ്ങിനെ എന്നൊക്കെ എന്നെപ്പോലെയുള്ള കാരികൂരി കുഞ്ഞുങ്ങൾ പഠിച്ചു വരുന്ന കാലം.
ആ സമായത്തെപ്പോഴോ ആണ് വിശാലമനസ്കൻ എന്ന പേരിലുള്ള ഒരു ബ്ലോഗറുടെ “കൊടകര പുരാണം” കാണാൻ ഇടയാക്കുന്നത്.
ലേഖകന്റെയും, ലേഖനങ്ങളുടെയും പേരിൽ കണ്ട കൗതുകം പ്രേരിപ്പിച്ച അന്നത്തെ കൊടകര പുരാണ വായന, ഇന്നും മനസ്സിൽ നിലയ്ക്കാത്ത ചിരിയുടെ കൂട്ട വെടിക്കെട്ടിനുള്ള തിരിയാണ് കൊളുത്തിയത്.
ഇന്റർനെറ്റ് ഒക്കെ നാട്ടിൽ ആർഭാടം ആയിരുന്ന ആ ഒരു കാലഘട്ടത്തിൽ, കൊടകര പുരാണം വായിക്കാൻ വേണ്ടി മാത്രം വീട്ടിൽ നിന്ന് വല്ലപ്പോഴും കിട്ടുന്ന പോക്കറ് മണിയിൽ നിന്നും, മണിക്കൂറിന് 25 രൂപ നിരക്കിൽ ഇന്റർനെറ്റ് കഫേകളിൽ കയറിയറങ്ങുകയും, ബ്ലോഗിന്റെ പ്രിന്റൗട്ടുകൾ എടുത്തു വീട്ടിൽ കൊണ്ടുവരികയുമൊക്കൊക്കെ ചെയ്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു. അങ്ങനെ സിനിമകളിലും, മിമിക്രികളിലും ,മറ്റ്‌ ടി വി പരിപാടികളായിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന ഹാസ്യം, വായനയിലൂടെയും ഞാൻ ആദ്യമായി അനുഭവിച്ചത് “കൊടകര പുരാണത്തിലൂടെയാണ്”.
പുസ്തകത്തെകുറിച്ച്:-
വളരെ പെട്ടന്ന് തന്നെ മലയാളം ബ്ലോഗിലെ സൂപ്പർ ഹിറ്റായ ഈ പരമ്പര ഇതിനോടകം പതിനഞ്ചു ലക്ഷം മലയാളികൾ ആണ് വായിച്ചത്. ബ്ലോഗിലെ വളരെ ചുരുക്കം കഥകൾ മാത്രം ഉൾപ്പെടുത്തികൊണ്ടു വെറും “കൊടകര പുരാണം” ഡി സി ഇറക്കിയിരുന്നു. അതിന് ശേഷം, ഈ മാസം പുറത്തിറങ്ങിയ, സജീവിന്റെ കംപ്ലീറ്റ് വർകസും ചേർത്ത് അടിച്ചു വാരിക്കൂട്ടി, ചെമ്പിൽ പുഴുങ്ങിയെടുത്ത ” ദി സമ്പൂർണ്ണ കൊടകരപുരാണം” നല്ലൊരു ചിരിഗ്രന്ഥമാണ്.
പ്രവാസ ജീവിതത്തിനിടയിൽ, കൊടകര എന്ന തന്റെ ഗ്രാമത്തെ ചുറ്റിപ്പറ്റി പല സമയങ്ങളിലായി വിശാലമനസ്‌കൻ എഴുതിയ 80 ൽ പരം ഹാസ്യ ലേഖനങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
കൊടും ദാരിദ്ര്യവും, ഇല്ലായ്മയും, കഷ്ടപ്പാടും ഒക്കെ ഹസ്യത്തിന്റെ മേമ്പൊടിയിൽ പറയുന്ന ബഷീർ ശൈലിയോട് ചില്ലറ സാമ്യമുള്ള ഇദ്ദേഹത്തിന്റെ എഴുത്ത്,പ്രായഭേദമന്യേ ആർക്കും ഒറ്റയടിക്ക് ഇരുന്ന ഇരുപ്പിൽ തന്നെ വായിച്ചു തീർക്കാവുന്നതാണ്. വായിക്കുമ്പോൾ കൊടകര ഗ്രാമത്തിലെ സകലാമന മനുഷ്യരും ഇതിലെ കഥാപാത്രങ്ങൾ ആണെന്ന് തോന്നിപ്പോകും. മനുഷ്യർക്ക് പുറമെ, വീട്ടിലെ എരുമയും, അയൽക്കാരന്റെ എരുമയും, കോഴികളും, മലമ്പാമ്പും, ആനയും മറ്റ്‌ ജന്തുക്കളും ഒക്കെ ഇതിൽ ഉണ്ട്. പച്ചയായ ഗ്രാമീണ ജീവിതത്തിന്റെ ഹാസ്യവിഷ്കാരങ്ങൾ കൊണ്ട് സമ്പന്നമായ കൊടകര പുരണത്തിനു പുറമെ, തന്റെ ചില പ്രവാസ ജീവിത അനുഭവക്കുറിപ്പുകളും, തുടർന്ന് ചില ലേഖനങ്ങളും, ഒടുവിൽ തന്റെ അമ്മയുടെ മരണം വേദനയോടെ ഓർക്കുന്ന “എത്രനാളായമ്മേ” എന്ന കണ്ണീർകുറിപ്പോടെ അതു വരെയുള്ള ആ മുഴുനീള ചിരി പൂർണമാകുന്നു.
ഇതൊരു സാഹിത്യ സൃഷ്ടി എന്നു വിശേഷിപ്പിക്കാനാകുമോ എന്നറിയില്ല, എങ്കിലും നിഷ്കളങ്കതയും, ലാളിത്യവും മാത്രം മുഖമുദ്രയായുള്ള ഈ സമാഹാരം എത്ര പിരിമുറുക്കമുള്ള സഹചര്യത്തിലും, നമ്മെ കുടുകുടാ ചിരിപ്പിക്കും എന്നതിൽ സംശയം വേണ്ട.