ഹൃദയപുരാണം റിവ്യൂ – Sandhya Rani

ആദ്യമായാണു വിശാലനെ കാണുന്നതും സംസാരിക്കുന്നതും, നിറയെ സംസാരവും കഥകളും നിറഞ്ഞ ഒരു ദിവസമായി അത്‌. സ്വയം മിടുക്കനാണെന്ന് ഉറച്ച ബോധ്യമുള്ള, നന്നായി പരിശ്രമിക്കാന്‍ മടിയില്ലാത്ത, അറിയാന്‍ പാടില്ലാത്തതിനെ തന്റെ വരുതിക്കു കൊണ്ടു വരുമെന്ന വാശിക്കാരനായ സജീവിനെ, ജീവിതത്തില്‍ ഏറ്റവും വേണ്ടത് നന്ദിയും അനുകമ്പയുമാണെന്ന് എഴുത്തിലും പറച്ചിലിലും പ്രവര്‍ത്തിയിലും വിളിച്ചു പറയുന്ന, ഓരോ ദിവസത്തിലും സന്തോഷിക്കാന്‍ ചെറുതെങ്കിലും ഒരു കാര്യം കണ്ടെത്തുന്ന വിശാലനെ ആ എഴുത്തിനെ നമ്മുക്കിഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല. അങ്ങനെ തന്നെയാണു ‘ഹൃദയപുരാണവും’. 💙💙💙
പേരു അന്വര്‍ത്ഥമാക്കുന്ന എഴുത്തും ഉള്ളടക്കവും. ജീവിതത്തില്‍ ഒരിക്കലെങ്കിലും തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുപോയവരെ നനുത്ത മനസ്സോടെ ഓര്‍ക്കുന്നതും ആ അനുഭവങ്ങളിലൂടെ റിഫൈന്‍ഡ് ആയ ജീവിതത്തെ, തെറ്റുപറ്റിയതും കരഞ്ഞതും ചിരിച്ചതും സ്നേഹിക്കുന്നതുമെല്ലാം ലളിതമായി മറച്ചുകെട്ടില്ലാതെ ഇങ്ങനെ എഴുതാന്‍ വിശാലനല്ലാതെ ആര്‍ക്കു സാധിക്കും!
മുണ്ടക്കല്‍ മുകാമിയെയും എടത്താടന്‍ രാമേട്ടനെയും ജിനുവിനെയും ഷാജുവിനെയുമെല്ലാം നേരിട്ട് പരിചയപ്പെട്ടതുപോലെ, ജിജിമോളും സൈക്കോ ജാക്കിയും നമ്മുടെ സ്വന്തമെന്ന് തോന്നിക്കുന്നതു പോലെയെഴുതിക്കളഞ്ഞു! കെ.എസ് നായരുടെയും ഇറാനിയൻ ബാങ്കിലെ ജോസ് പല്ലിശ്ശേരിയെപ്പോലെയിരിക്കുന്ന ആ മനുഷ്യന്റെയും ഉപദേശങ്ങള്‍ ഞാനും മറക്കില്ല. വിശാലനെത്തന്നെ ക്വോട്ട് ചെയ്ത് പറഞ്ഞാല്‍ ‘ നമ്മുടെ ജീവിതം ധന്യമായെന്ന് തോന്നിപ്പിക്കാന്‍, ലോകത്തില്‍ ഏതെങ്കിലുമൊരു ജീവി നമ്മള്‍ കാരണം സന്തോഷിക്കുന്നത് കണ്ടാല്‍ മതി’.
ഇത് വായിച്ചു കഴിഞ്ഞാല്‍ ധൈര്യമുണ്ടെങ്കില്‍ ഒരു സെല്‍ഫി എടുത്തിടൂ എന്ന കെ.വി. മണികണ്ഠന്റെ വെല്ലുവിളി മനസ്സില്‍ വെച്ചുകൊണ്ടു തന്നെയാണു വായിക്കാന്‍ തുടങ്ങിയത്. വായിച്ചുതുടങ്ങിയപ്പോള്‍ തന്നെ അതെത്ര സത്യമാണെന്നു മനസ്സിലായി. നാട്ടില്‍ നിന്നു തിരികെപോരുമ്പോള്‍ ഒറ്റയിരുപ്പിനു വായിച്ചു, പലവട്ടം കണ്ണുനിറഞ്ഞ് വായന നിര്‍ത്തിയിട്ട് ജനലിലൂടെ പുറത്തേക്ക് നോക്കി വെറുതെ ഇരുന്നു… may be because I also could relate to many basic principles of his life or may be we all are on the same plane in one way or the other. 💙💙💙
സാക്ഷിയും സിദ്ധാര്‍ത്ഥനുമില്ലാതെ ഹൃദയപുരാണം അപൂര്‍ണ്ണമെന്നറിയാവുന്നതുകൊണ്ട് അവരെയും ഇവിടെ കൂട്ടുന്നു. ടെസ്റ്റ് ഡോസ് ശരിക്കേറ്റ സ്ഥിതിക്ക്, ധൈര്യമായിട്ട് അടുത്ത നിലവറ തുറന്നോളൂ, ഞങ്ങളെല്ലാം കട്ട വെയ്റ്റിംഗിലാണു. 💙❤️